ബ്രിട്ടീഷ് കൊളംബിയയിൽ വിനോദസഞ്ചാരികൾ വരുത്തിയത് 200 മില്യൺ ഡോളറിൻ്റെ ചികിത്സാ കുടിശ്ശിക; നികുതിപ്പണം ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം

By: 600110 On: Jun 10, 2026, 6:26 AM

 

 

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ വിദേശ വിനോദസഞ്ചാരികളും താമസക്കാരല്ലാത്തവരും വരുത്തിവെച്ചത് 200 മില്യൺ ഡോളറിലധികം വരുന്ന ചികിത്സാ കുടിശ്ശിക. 'SecondStreet.org' എന്ന പബ്ലിക് പോളിസി ഗ്രൂപ്പ് വിവരവകാശ നിയമപ്രകാരം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. വിദേശത്തുനിന്നും എത്തുന്നവർ ചികിത്സ തേടിയ ശേഷം പണം നൽകാതെ മടങ്ങുന്നത് പ്രവിശ്യയിലെ നികുതിദായകർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിവിധ ഹെൽത്ത് അതോറിറ്റികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഫ്രേസർ ഹെൽത്തിലാണ് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത്—95 മില്യൺ ഡോളർ. ഇൻ്റീരിയർ ഹെൽത്ത് (54 മില്യൺ), വാൻകൂവർ കോസ്റ്റൽ ഹെൽത്ത് (31 മില്യൺ), ഐലൻഡ് ഹെൽത്ത് (21 മില്യൺ) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.  കാനഡയിൽ തന്നെ ഏറ്റവും കൂടുതൽ ചികിത്സാ കുടിശ്ശികയുള്ള പ്രവിശ്യയായി ബ്രിട്ടീഷ് കൊളംബിയ മാറിയെന്ന് സെക്കൻഡ് സ്ട്രീറ്റ് പ്രസിഡൻ്റ് കോളിൻ ക്രെയ്ഗ് ചൂണ്ടിക്കാട്ടി. സ്വന്തം നാട്ടുകാർ ശസ്ത്രക്രിയകൾക്കായി മാസങ്ങളും വർഷങ്ങളും കാത്തിരിക്കുമ്പോഴാണ് വിദേശികൾ പണം നൽകാതെ ചികിത്സ നേടിപ്പോകുന്നതെന്ന് പ്രതിപക്ഷമായ ബി.സി കൺസർവേറ്റീവ്സ് ആരോപിച്ചു. 

ഇപ്പോൾ വരുത്തിവെച്ചിരിക്കുന്ന കുടിശ്ശിക തുകയുണ്ടെങ്കിൽ നാട്ടുകാരായ 21,000 പേർക്ക് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ സൗജന്യമായി ചെയ്യാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഭരണകൂടത്തിൻ്റെ വീഴ്ചയാണ് ഇതിന് കാരണമെന്നാണ് പ്രതിപക്ഷ വിമർശനം. എന്നാൽ, വിദേശികൾ മനഃപൂർവം ചൂഷണം ചെയ്യുന്നതല്ലെന്നും പെട്ടെന്നുണ്ടാകുന്ന അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലാണ് മിക്കവരും ചികിത്സ തേടുന്നതെന്നും ആരോഗ്യ മന്ത്രി ജോസി ഓസ്ബോൺ പറഞ്ഞു. കുടിശ്ശിക തുക ഈടാക്കാൻ ആരോഗ്യ വകുപ്പ് പരമാവധി ശ്രമിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ഇത്തരം സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ റിപ്പോർട്ടിൽ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്.   അടിയന്തര ജീവൻരക്ഷാ ചികിത്സകൾക്കൊഴികെ, മറ്റെല്ലാ കാര്യങ്ങൾക്കും വിദേശികളിൽ നിന്ന് മുൻകൂറായി പണം ഈടാക്കുകയെന്നതാണ് അതിലൊന്ന്.   കാനഡയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വിദേശ സഞ്ചാരികൾക്ക് ട്രാവൽ ഇൻഷുറൻസ് നിർബന്ധമാക്കുക.   ചികിത്സാ ബില്ലുകൾ അടയ്ക്കാതെ പോകുന്ന വിദേശികൾക്ക് വീണ്ടും രാജ്യത്തേക്ക് പ്രവേശനാനുമതി നൽകാതിരിക്കുക തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ.